സാമൂഹ്യ-സാംസ്കാരിക ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം ഏറെ ചരിത്രപ്രാധാന്യവും വാണിജ്യപ്രാധാന്യവുമുള്ള ജില്ലയാണ് കൊല്ലം. പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം. അറബികളും ചൈനാക്കാരും ക്രിസ്തുവര്‍ഷാരംഭത്തിനു മുന്‍പുതന്നെ ഈ തുറമുഖനഗരവുമായി വാണിജ്യബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. കൊല്ലം എന്ന സ്ഥലനാമമുണ്ടായതിനെപ്പറ്റി നിരവധി നിഗമനങ്ങള്‍ പ്രചാരത്തിലുണ്ട്. കുരുമുളക് എന്നര്‍ത്ഥമുള്ള “കോലം” എന്ന പദത്തില്‍ നിന്നാണ് കൊല്ലം ഉണ്ടായതെന്നാണ് പറഞ്ഞുകേള്‍ക്കുന്ന ഒരു നിഗമനം. കുരുമുളക് യഥേഷ്ടം ലഭ്യമായിരുന്ന തുറമുഖനഗരമായിരുന്നിരിക്കണം പുരാതനകാലത്ത് കൊല്ലം. കോവിലകം അഥവാ കോയില്‍ + ഇല്ലം സ്ഥിതി ചെയ്തിരുന്ന പ്രദേശമെന്ന നിലയില്‍ “കോയില്ലം” എന്നറിയപ്പെട്ടിരുന്ന ഇവിടം പില്‍ക്കാലത്ത് ലോപിച്ച് കൊല്ലം ആയി മാറുകയായിരുന്നുവെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ചീനക്കാരുടെ ഭാഷയില്‍ “കോലസം” എന്നാല്‍ “വലിയ അങ്ങാടി” എന്നര്‍ത്ഥമുണ്ടെന്നും അതില്‍ നിന്നാവാം കൊല്ലം എന്ന സ്ഥലനാമമുണ്ടായതെന്നും, എന്നാല്‍ മേല്‍പ്പറഞ്ഞതൊന്നുമല്ല, മറിച്ച്, “കോലം” എന്ന പദത്തിന് ചങ്ങാടമെന്നും വഞ്ചികള്‍ കരയ്ക്കടുപ്പിച്ച് കെട്ടുന്ന കുറ്റി എന്നും സംസ്കൃതത്തില്‍ അര്‍ത്ഥം കാണുന്നതിനാല്‍ തുറമുഖനഗരം എന്നയര്‍ത്ഥത്തിലാണ് ഈ പ്രദേശത്തിന് കൊല്ലം എന്ന പേരു ലഭിച്ചതെന്നും വ്യത്യസ്തമായ ചില നിഗമനങ്ങളും കാണുന്നുണ്ട്. മലയാളക്കരയുടെ സ്വന്തം കലണ്ടറായ കൊല്ലവര്‍ഷം ആരംഭം കുറിച്ചതും കൊല്ലത്തു നിന്നാണ്. പന്ത്രണ്ടു നൂറ്റാണ്ടു മുന്‍പ് ഉദയമാര്‍ത്താണ്ഡവര്‍മ്മ എന്ന തിരുവിതാംകൂര്‍ രാജാവാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. എ.ഡി 825-ല്‍ പണ്ഡിതന്മാരുടെ യോഗം വിളിച്ചുകൂട്ടി കലണ്ടര്‍ നിശ്ചയിച്ചു നടപ്പാക്കിത്തുടങ്ങിയ ഈ പരിഷ്കാരം കേരളത്തിലൊട്ടാകെയും, തുടര്‍ന്ന് അന്നത്തെ തിരുവിതാംകൂര്‍ രാജാവിന്റെ അധീനതയിലുണ്ടായിരുന്ന ചേരരാജ്യത്തിലേക്കും പ്രചരിച്ചു. ആ കാലത്തുതന്നെ മധുര, തിരുനെല്‍വേലി തുടങ്ങിയ പ്രദേശങ്ങളിലും ഇത് നിലവില്‍ വന്നു. കൊല്ലത്ത് ആരംഭിച്ചതു കൊണ്ടാണ് ഈ കാലഗണനാസമ്പ്രദായത്തിന് കൊല്ലവര്‍ഷം എന്ന പേരു ലഭിച്ചത്. 1498-ഓടെ കേരളത്തിലെത്തിയ പോര്‍ച്ചുഗീസുകാരെ, 1503-ല്‍ കൊല്ലവുമായി കച്ചവടബന്ധം സ്ഥാപിക്കുന്നതിന് അവിടത്തെ രാജ്ഞി ക്ഷണിക്കുകയുണ്ടായി. തുടര്‍ന്ന് കൊല്ലത്ത് എത്തിച്ചേര്‍ന്ന പോര്‍ച്ചുഗീസുകാര്‍ കാലക്രമേണ അവിടെ ഒരു കോട്ടയും താവളവും സ്ഥാപിച്ചു. 1661-ല്‍ പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തി ഡച്ചുകാര്‍ ഇവിടെ മേധാവിത്വം സ്ഥാപിച്ചു. 1741-ല്‍ കുളച്ചലില്‍ വച്ച് നടന്ന യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ പൂര്‍ണ്ണമായും പരാജയപ്പെടുത്തി അവരുടെ അധീനതയിലായിരുന്ന പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു. അക്കാലം വരെ കൊല്ലമായിരുന്നു തിരുവിതാംകൂറിന്റെ ആസ്ഥാനം. പ്രസ്തുത കാലയളവിലാണ് ബ്രിട്ടീഷുകാര്‍ ഇവിടെ എത്തിയത്. കാലാന്തരത്തില്‍ തിരുവിതാംകൂറിന്റെ നിയന്ത്രണം അവരുടെ കൈകളിലെത്തിച്ചേര്‍ന്നു. ഈ പശ്ചാത്തലത്തില്‍ അക്കാലത്തെ തിരുവിതാംകൂര്‍ ദളവയായിരുന്ന വേലുതമ്പി കൊച്ചിയിലെ പാലിയത്തച്ഛനുമായി, വെള്ളക്കാര്‍ക്കെതിരെ ഒരുമിച്ചുനിന്ന് യുദ്ധം ചെയ്യുന്നതിനായി ഒരു ധാരണയുണ്ടാക്കി. 1809 കാലഘട്ടത്തില്‍ വേലുതമ്പിദളവയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നിരവധി കലാപങ്ങള്‍ നടന്നു. അതിന്റെ ഭാഗമായാണ് 1809 ജനുവരി 16-ാം തിയതി ചരിത്രപ്രസിദ്ധമായ “കുണ്ടറ വിളംബരം” നടക്കുന്നത്. ഇംഗ്ളീഷ് പട്ടാളം മണ്ണടിയിലെ തമ്പിയുടെ താവളം വളഞ്ഞതോടെ അദ്ദേഹം ആത്മഹത്യ ചെയ്തു. അതോടെ തിരുവിതാംകൂര്‍ പൂര്‍ണ്ണമായും ബ്രിട്ടീഷുകാരുടെ ഭരണത്തില്‍ കീഴിലാവുകയും ചെയ്തു. 1864-ല്‍ കൊല്ലത്ത് പോസ്റ്റോഫീസും കമ്പിത്തപാലാപ്പീസും, 1868-ല്‍ രജിസ്റ്റര്‍ കച്ചേരിയും സ്ഥാപിതമായി. 1867-ല്‍ കൊല്ലത്ത് സ്ഥാപിതമായ മലയാളം പള്ളിക്കൂടമാണ് ഇവിടുത്തെ ആദ്യത്തെ വിദ്യാലയം. ഇന്ത്യയില്‍ തന്നെ ആകെയുള്ള രണ്ടേരണ്ടു തൂക്കുപാലങ്ങളിലൊന്ന് ഈ ജില്ലയിലെ പുനലൂര്‍ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കല്‍ക്കത്തയിലെ ഹൌറാ പാലമാണ് ഇന്ത്യയിലുള്ള മറ്റൊരു തൂക്കുപാലം. ബ്രിട്ടീഷ് എന്‍ജിനീയറിംഗ് വിസ്മയമായ പുനലൂര്‍ തൂക്കുപാലം കല്ലടയാറിനു കുറുകെ 1877-ലാണ്, തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാള്‍ മുന്‍കൈയ്യെടുത്ത് പണികഴിപ്പിച്ചത്. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് വിക്ടോറിയ ആശുപത്രി സ്ഥാപിതമായി. ശ്രീനാരായണഗുരു, അയ്യന്‍കാളി എന്നീ നവോത്ഥാനനായകന്മാരുടെ പ്രധാന പ്രവര്‍ത്തനമേഖലയായിരുന്നു കൊല്ലവും. അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 1918-ല്‍ പടിഞ്ഞാറെകൊല്ലത്ത് ഈഴവ സമാജയോഗം ചേരുകയുണ്ടായി. 1932 ഡിസംബര്‍ 17-ന് ഈഴവ-മുസ്ളീം-ക്രിസ്ത്യന്‍ സമുദായങ്ങളുടെ പ്രതിനിധികള്‍ യോഗം ചേരുകയും പിന്നീടിത് നിവര്‍ത്തന പ്രക്ഷോഭമായി മാറുകയും ചെയ്തു. നിവര്‍ത്തന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ കൊല്ലം സ്വദേശികളായ പ്രമുഖ നേതാക്കളായിരുന്നു സി.കേശവന്‍, പി.കെ.കുഞ്ഞ്, എന്‍.വി.ജോസഫ് തുടങ്ങിയവര്‍. 1937-ഓടുകൂടി ഇന്ത്യയില്‍ അങ്ങോളമിങ്ങോളം പൊട്ടിപ്പുറപ്പെട്ട കര്‍ഷകസമരങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ എന്ന ഗ്രാമത്തില്‍ കര്‍ഷകര്‍ നേതൃത്വം നല്‍കിയ ജനകീയ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. 1938-ലാണ് ചരിത്രപ്രസിദ്ധമായ കടയ്ക്കല്‍ വിപ്ളവം നടക്കുന്നത്. 1924-ലാണ് കൊല്ലത്ത് വിദ്യുച്ഛക്തി എത്തിയത്. കേരളത്തില്‍ ആദ്യമായി വിമാനമിറങ്ങിയത് കൊല്ലം നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ആശ്രാമം മൈതാനത്താണ്. തിരുവനന്തപുരത്ത് വിമാനത്താവളം സജ്ജമാകുന്നതിനു മുന്‍പ് ആശ്രാമം മൈതാനത്ത് ചെറുവിമാനങ്ങള്‍ ഇറങ്ങുവാന്‍ പാകത്തില്‍ റണ്‍വേ ഒരുക്കിയിരുന്നു. ലോഹമണല്‍ കൊണ്ട് സമ്പന്നമായ ചവറ തീരദേശത്ത് ഇന്ത്യന്‍ റെയര്‍എര്‍ത്ത്സ്, കേരള മിനറല്‍സ് & മെറ്റല്‍സ് മുതലായ വന്‍കിട വ്യവസായശാലകള്‍ സ്ഥിതിചെയ്യുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധനതുറമുഖമായ നീണ്ടകര ഫിഷിംഗ് ഹാര്‍ബറാണ് കൊല്ലം ജില്ലയിലെ മറ്റൊരു പ്രധാന ആകര്‍ഷണകേന്ദ്രം. യന്ത്രവല്‍കൃത മത്സ്യബന്ധനത്തിന്റെയും മത്സ്യകയറ്റുമതിയുടേയും ഒരു പ്രധാനകേന്ദ്രമാണ് നീണ്ടകര. കേരളത്തില്‍ കശുവണ്ടി വ്യവസായ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നതും കൊല്ലം ജില്ലയാണ്. കുണ്ടറയിലെ കളിമണ്‍ വ്യവസായം, കേരളത്തിലെ ആദ്യത്തെ കടലാസ് നിര്‍മ്മാണശാലയായ പുനലൂര്‍ പേപ്പര്‍ മില്‍സ്, ചവറ ടൈറ്റാനിയം, പാര്‍വ്വതീ മില്‍സ് എന്നിവയാണ് ഈ ജില്ലയിലെ വന്‍കിട വ്യവസായശാലകള്‍. തിരുവിതാംകൂറിലെ ആദ്യത്തെ റെയില്‍പാത കൊല്ലം-പുനലൂര്‍ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് നിലവില്‍ വന്നത്. മധുര, മദിരാശി തുടങ്ങിയ നഗരങ്ങളുമായി കൊല്ലം പട്ടണത്തെ ബന്ധിപ്പിച്ച്, ഒരു നൂറ്റാണ്ടിലധികം മീറ്റര്‍ഗേജായി പ്രവര്‍ത്തിച്ച ഈ പാതയില്‍ കൊല്ലം മുതല്‍ പുനലൂര്‍ വരെയുള്ള ഭാഗം 2010 മെയ്മാസം 12-ാം തിയതിയോടെ ബ്രോഡ്ഗേജാക്കി ഉയര്‍ത്തി. ദേശീയ പാത-47, ദേശീയ പാത-208, എം.സി റോഡ് എന്നീ സുപ്രധാന ഗതാഗതപാതകളും കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്നു. ജലഗതാഗതരംഗം ഇന്നും സജീവമായി നിലനില്‍ക്കുന്ന പ്രദേശമാണ് കൊല്ലം. കൊല്ലം ബോട്ടുജെട്ടിയില്‍ നിന്ന് വടക്കോട്ട് യാത്രാബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. തങ്കശ്ശേരി തുറമുഖം, തങ്കശ്ശേരി വിളക്കുമരം, നീണ്ടകര ഷിപ്പിംഗ് ഹാര്‍ബര്‍, മണ്‍റോതുരുത്ത്, കല്ലട ഇറിഗേഷന്‍ പ്രോജക്ട്, പുനലൂര്‍ തൂക്കുപാലം, പാലരുവി വെള്ളച്ചാട്ടം, തെന്മല ഇക്കോടൂറിസം, സുഖവാസകേന്ദ്രമായ അമ്പനാട്, മണ്ണടി ക്ഷേത്രം, ശെന്തുരുണി വന്യമൃഗസങ്കേതം, കൊട്ടാരക്കര ഇളയിടത്തു കൊട്ടാരം, തേവള്ളി കൊട്ടാരം, ചൈന കൊട്ടാരം, തിരമാലകള്‍ അധികമില്ലാത്തതും ശാന്തവും ആഴംകുറഞ്ഞതുമായ തിരുമുല്ലവാരം സമുദ്രതീരം, ശാസ്താംകോട്ട ശുദ്ധജലതടാകം, ചടയമംഗലം ജഡായുപാറ, ചരിത്രപ്രസിദ്ധമായ കൊല്ലം പീരങ്കിമൈതാനം, കൊട്ടാരക്കരത്തമ്പുരാന്‍ മ്യൂസിയം, ഉറുകുന്ന് ലുക്ക് ഔട്ട്, ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പള്ളികളിലൊന്നായ ജോനകപ്പുറം വലിയപള്ളി എന്നിവ കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. കൊട്ടാരക്കര മഹാഗണപതിക്ഷേത്രം, ഓച്ചറ ശ്രീപരബ്രഹ്മക്ഷേത്രം, കൊറ്റംകുളങ്ങര ക്ഷേത്രം, അഷ്ഠമുടി വീരഭദ്രക്ഷേത്രം, 100 വര്‍ഷം പഴക്കമുള്ള കൊട്ടാരക്കര മാര്‍ത്തോമാപള്ളി, ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പള്ളികളിലൊന്നായ ജോനകപ്പുറം വലിയപള്ളി എന്നിവ കൊല്ലം ജില്ലയിലെ പ്രസിദ്ധ ആരാധനാലയങ്ങളാണ്.