അറിയാനുള്ള അവകാശം
തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാപൃത രേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയോ, രേഖകളോ, പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൗരന്‍മാര്‍ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധ ചട്ടങ്ങളും പ്രകാരം പൗരന് ഈ അവകാശം ലഭിക്കുന്നു.
വിവരങ്ങള്‍/രേഖകള്‍ ലഭിക്കുന്നതിന് ചെയ്യേണ്ടത്.
- വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിത ഫോറത്തില്‍ സെക്രട്ടറിക്ക് നല്‍കണം.
- കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളില്‍ അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലെ തലവന് നല്‍കണം.
- അപേക്ഷയോടൊപ്പം 2 രൂപ നിരക്കില്‍ അപേക്ഷാഫീസും ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള രേഖകള്‍ക്ക് തെരച്ചില്‍ ഫീസായി വര്‍ഷം പ്രതി രണ്ടു രൂപാവീതവും പകര്‍പ്പ് ആവശ്യപ്പെടുന്നുവെങ്കില്‍ ഏകദേശം 200 വാക്കിന് 2 രൂപ നിരക്കിലും ഫീസ് ഈടാക്കി രസീത് നല്‍കേണ്ടതാണ്.
- രേഖ പരിശോധനയ്ക്ക് ലഭിക്കുന്നതിനോ, പകര്‍പ്പെടുത്ത് ഒത്തുനോക്കി സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനോ ഉള്ള ദിവസവും രസീതിയില്‍ രേഖപ്പെടുത്തണം.
- രഹസ്യാത്മക വിവരം എന്ന് വിജ്ഞാപനം ചെയ്യപ്പെട്ടതാണ് ആവശ്യപ്പെടുന്ന സംഗതിയെങ്കില്‍ സെക്രട്ടറിക്കോ ഉദ്യോഗസ്ഥനോ ആ കാരണം രേഖാമൂലം പരാമര്‍ശിച്ച് അപേക്ഷ നിരസിക്കാം.
വിവരങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍
നിശ്ചിത ദിവസത്തിലേറെ കാലതാമസം വരുത്തിയാല്‍ വിവരം നല്‍കാന്‍ ചുമതലപ്പെട്ട വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനില്‍ നിന്ന് ദിനംപ്രതി 50 രൂപ നിരക്കില്‍ പിഴ തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ തനത് ഫണ്ടിലേക്ക് ഈടാക്കാവുന്നതാണ്. മനപ്പൂര്‍വ്വമായോ ഉപേക്ഷ മൂലമോ വിവരം നല്‍കാന്‍ പരാജയപ്പെടുകയോ, തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥിനില്‍ നിന്നും 1000 രൂപയില്‍ കുറയാത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.
രേഖകള്‍ ലഭ്യമല്ലെങ്കില്‍ യുക്തമായ തെരച്ചില്‍ നടത്തിയ ശേഷവും രേഖ കണ്ടുകിട്ടാത്തതിനാലോ രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവില്‍ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്ന് അറിയിച്ച് തീര്‍പ്പ് നല്‍കേണ്ടതാണ്. ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്കേ നിയമ പരിരക്ഷ ലഭിക്കു. രേഖ ലഭ്യമാക്കുന്നില്ലെങ്കില്‍ ഈടാക്കിയ ഫീസ് അപേക്ഷകന് തിരിച്ച് നല്‍കണം.
വികസന പദ്ധതികളുടെ വിവരങ്ങള്‍
വികസന പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങള്‍ ഭരണ നടപടികള്‍ക്കൊപ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സുതാര്യത സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ പാലിച്ചിരിക്കണം.
ഗ്രാമസഭ, തദ്ദേശ ഭരണ സ്ഥാപനം, കൈമാറിയ സ്ഥാപനങ്ങള്‍ ഇവയുടെ ഭരണപരമായ വിവരങ്ങളും യോഗനടപടി ക്രമങ്ങളും പൊതുജന പ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.
ദേശീയ വിവര ലഭ്യതാ നിയമം (2005)
2005 ജൂലായില്‍ ദേശീയ തലത്തില്‍ നടപ്പാക്കപ്പെട്ട നിയമമാണ് വിവരാവകാശ നിയമം, പട്ടികപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ ഒഴികെ കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു ഖജനാവില്‍ നിന്നും ധനസഹായം നേടുന്ന സ്ഥാപനങ്ങള്‍, സന്നദ്ധ സ്ഥാപനങ്ങള്‍ തുടങ്ങിയിടങ്ങളില്‍ നിന്നും പൗരര്‍ക്ക് വിവരങ്ങള്‍ ഉറപ്പാക്കുന്നതാണ് ഈ നിയമം.
പൊതു അധികാരസ്ഥരുടെ കൈവശമുള്ളതോ അവര്‍ക്ക് സമാഹിരിക്കാവുന്നതോ അവരുടെ നിയന്ത്രണത്തിലുള്ളതോ ആയ ഏതൊരു വിവരങ്ങളും ഇതിന്‍റെ പരിധിയില്‍ വരും. നിയമം നിലവില്‍ വന്ന് 120 ദിവസങ്ങള്‍ക്കകം പൊതു സ്ഥാപനങ്ങള്‍ തത്സംബന്ധമായ വിവരങ്ങള്‍ സമാഹരിച്ച് ശേഖരിച്ച് ക്രമീകരിച്ച് പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്. സ്ഥാപന ഘടന, ഉദ്യോഗസ്ഥര്‍, മാനദണ്ഡങ്ങള്‍, ഫീസ്/ചാര്‍ജ്ജ്/സെസ്സ് വിവരങ്ങള്‍, ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവയെല്ലാം ഇപ്രകാരം പ്രസിദ്ധം ചെയ്യണം. ഇതിനുപുറമേയാണ് അതത് ഭരണ വകുപ്പുകളില്‍ നിര്‍ദ്ദിഷ്ട ഉദ്യോഗസ്ഥരെ വിവരാവകാശ ഉദ്യോഗസ്ഥരായി നിയമിച്ചുകൊണ്ട് വിവര ലഭ്യത വ്യവസ്ഥ ചെയ്യുന്നത്. ഭരണ സംബന്ധിയായിട്ടുള്ള രേഖകള്‍, അറിയിപ്പുകള്‍, തീര്‍പ്പുകള്‍, ഫയല്‍ നോട്ടുകള്‍, ഉപദേശം, അഭിപ്രായം, സര്‍ക്കുലര്‍, മാതൃകകള്‍, സാമ്പിളുകള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
സാക്ഷ്യപ്പെടുത്തിയ തനി പകര്‍പ്പോ, കമ്പ്യൂട്ടര്‍ ഫ്ളോപ്പി, സി.ഡി.തുടങ്ങിയ ഇലക്ട്രോണിക് ഉപാധികളിലോ ഉള്ള പകര്‍പ്പ്, ലഭ്യമാക്കുന്നതിന് ആവശ്യപ്പെടാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
വെള്ള പേപ്പറില്‍ അപേക്ഷകരുടെ മേല്‍വിലാസം, ലഭിക്കേണ്ടുന്ന വിവരം സംബന്ധിച്ച കൃത്യമായ വിശദീകരണം, ഏതു രൂപത്തിലുള്ള പകര്‍പ്പാണ് ലഭ്യമാക്കേണ്ടുന്നത്. എന്നിവ വ്യക്തിമാക്കിക്കൊണ്ട് അതാത് സ്ഥാപനത്തിലെ അസിസ്റ്റന്‍റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അഥവാ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. എന്താവശ്യത്തിനാണ് വിവരം ലഭിക്കേണ്ടത് എന്ന് അപേക്ഷകര്‍ വെളിപ്പെടുത്തേണ്ടതില്ല. വിവര ലഭ്യതയ്ക്ക് കൂടുതല്‍ ചെലവ് ആവശ്യമെങ്കില്‍ ആയത് ഒടുക്കാന്‍ അപേക്ഷകനോട് നിര്‍ദ്ദേശിക്കാം.
സമയപരിധി
സാധാരണ രീതിയിലുള്ള അപേക്ഷകള്‍ക്കുമേല്‍ അപേക്ഷ തിയതി മുതല്‍ 30 ദിവസത്തിനകം ബന്ധപ്പെട്ട വിവരം ലഭ്യമാക്കിയിരിക്കണം. മനുഷ്യാവകാശ സംബന്ധിയായ വിവരങ്ങളാണെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ആയതിന്‍റെ വിവരങ്ങള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കണം. ഈ കാലയളവിനുള്ളില്‍ വിവരം നല്‍കുന്നതിലേക്കുള്ള ഫീസ് സ്വീകരിച്ചുകൊണ്ട് വിവരങ്ങള്‍ ലഭ്യമല്ലാതിരിക്കുകയോ യുക്തമായ കാരണത്താല്‍ വിവരം നല്‍കാനായില്ലെങ്കില്‍ ആ കാര്യം ബോദ്ധ്യപ്പെടുത്തിയോ അപേക്ഷ നിരസിക്കുന്നതിനായി രേഖാമൂലം അറിയിക്കണം. നിശ്ചിത സമയ പരിധിക്കുള്ളില്‍ തീരുമാനമെടുക്കാതിരുന്നാല്‍ കേന്ദ്ര-സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേര്‍ഷന്‍ ആഫീസര്‍മാര്‍ അപേക്ഷ നിരസിച്ചുവെന്ന് കരുതാം. രേഖാമൂലം അപേക്ഷിക്കാനാകാത്ത അവസരത്തില്‍ വാക്കാലുള്ള അപേക്ഷയും പരിഗണിക്കപ്പെടും.
വിവരം ലഭ്യമാക്കേണ്ടവര്‍
ഓരോ സ്ഥാപനത്തിലും നിയുക്തരാക്കപ്പെട്ട വിവരാവകാശ ഓഫീസര്‍മാര്‍ (പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍) സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കും. ഏതൊരു പൊതു സ്ഥാപനത്തിലെയും ഏതൊരു ഉദ്യോഗസ്ഥനോടും ഒരു വിവരാവകാശ ഓഫീസര്‍ക്ക് നിര്‍ദ്ദിഷ്ട വിവരങ്ങള്‍ ആവശ്യപ്പെടാവുന്നതാണ്. അത്തരം ഘട്ടത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വിവരാവകാശ ഓഫീസര്‍മാരായി ഗണിക്കപ്പെടും.
അപ്പീല്‍ നടപടി
വിവരം ലഭിക്കാനുള്ള അപേക്ഷ നിരസിക്കപ്പെടുകയോ വിവരം നിശ്ചിത സമയത്തിനുള്ളില്‍ ലഭിക്കാതിരിക്കുകയോ ചെയ്താല്‍ നിയുക്ത മേലധികാരസ്ഥര്‍ക്ക് ഒന്നാമത്തെ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിന് സഹായകമാകുംവിധം അപ്പീല്‍ സമര്‍പ്പിക്കേണ്ട കാലയളവ്, അപേക്ഷയിന്മേലുള്ള തീരുമാനത്തനിടയാക്കിയ കാരണങ്ങള്‍, അപ്പീല്‍ അധികാരസ്ഥനാര് എന്നീ വിവരങ്ങള്‍ അപേക്ഷകര്‍ക്ക് നല്‍കിയിരിക്കണം. അപ്പീല്‍ അപേക്ഷയ്ക്ക് ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ല. പ്രത്യേകിച്ച് അപേക്ഷ ഘടനയുമില്ല. ആദ്യ അപേക്ഷയിന്മേലുള്ള തീരുമാനത്തിന്‍റെ പകര്‍പ്പ് അപ്പീലിനൊപ്പം ഹാജരാക്കണം.
ഒന്നാം അപ്പീലില്‍ തൃപ്തികരമായ തീരുമാനം ലഭിക്കാത്തതിനാലോ, അപ്പീല്‍ നിരസിക്കപ്പെട്ടതിനാലോ അപേക്ഷകര്‍ക്ക് കേന്ദ്ര-സംസ്ഥാന വിവരാവകാശ കമ്മീഷനുകളില്‍ യഥാവിധി രണ്ടാം അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. അധിക ഫീസ് ഈടാക്കുക, അപൂര്‍ണ്ണമോ, തെറ്റായിട്ടുള്ളതോ ആയ വിവരം നല്‍കിയാല്‍ തീരുമാനം എടുക്കാതിരുന്നാല്‍ ഉള്‍പ്പെടെ ഘട്ടത്തിലും അപ്പീല്‍ അപേക്ഷ നല്‍കാവുന്നതാണം.
നീതിന്യായാധികാരം
ഏതൊരു വിവരവും വിളിച്ചുവരുത്തി രഹസ്യാത്മകത ഉള്‍പ്പെടെ പരിശോധിക്കാനും, ഏതൊരു ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി തെളിവെടുക്കാനും ഉള്‍പ്പെടെയുള്ള നീതിന്യായാധികാരം വിവരാവകാശ കമ്മീഷനുണ്ട്. നിര്‍ദ്ദിഷ്ട രീതിയില്‍ വിവരം നല്‍കുന്നതിന് നിര്‍ദ്ദേശിച്ചുകൊണ്ട്, വീഴ്ച വരുത്തിയതിന് ശിക്ഷിച്ചുകൊണ്ട് ഉചിതമായ നടപടി നിര്‍ദ്ദേശിച്ചുകൊണ്ട് ഉള്‍പ്പെടെ തീര്‍പ്പ് കമ്മീഷന് എടുക്കാവുന്നതാണ്.
ശിക്ഷാക്രമം
നിശ്ചിത കാലയളവിനുള്ളില്‍ വിവരം നല്‍കാതിരിക്കുക, ബോധപൂര്‍വ്വം, കാരണങ്ങളില്ലാതെ അപേക്ഷ നിരസിക്കുക, വിവരം നല്‍കാതിരിക്കുക, തെറ്റായ വിവരം നല്‍കുക, നല്‍കേണ്ട വിവരം നശിപ്പിക്കുക, വിവര ലഭ്യത തടസ്സപ്പെടുത്തുക, ഉപേക്ഷ കാണിക്കുക എന്നീ കൃത്യങ്ങള്‍ക്ക് കേന്ദ്ര - സംസ്ഥാന വിവരാവകാശ കമ്മീഷനുകളുടെ ഉത്തരവ് പ്രകാരം 250/- രൂപ മുതല്‍ പരമാവധി 25000/- രൂപ വരെ പിഴ ഈടാക്കാവുന്നതാണ്.
ഔദ്യോഗിക രഹസ്യ നിയമം
ഔദ്യോഗിക രഹസ്യ നിയമത്തില്‍ ഉള്‍പ്പെട്ടതോ, വിവരാവകാശ നിയമത്തിന്‍റെ പട്ടികയില്‍ ഒഴിവാക്കലുകളായി ചേര്‍ക്കപ്പെട്ടിട്ടുള്ളതോ, നീതിന്യായ പരിഗണനയില്‍ ഇരിക്കുന്നതോ, രാഷ്ട്രത്തിന്‍റെ സുസ്ഥിരതയെ ഹനിക്കുന്നതോ, പൊതു താല്‍പര്യത്തെ ബാധിക്കുന്നതോ മൂന്നാം കക്ഷിയുടെ താല്‍പര്യത്തെ ബാധിക്കുന്നതോ, കോപ്പിറൈറ്റ് പേറ്റന്‍റ് അവകാശത്തെ ഹനിക്കുന്നതോ ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കുന്നത് നിരസിക്കപ്പെടാവുന്നതാണ്.
ഈ നിയമപ്രകാരം ജില്ലാ പഞ്ചായത്തിന്‍റെ പരിധിയില്‍ വരുന്ന വിവരങ്ങള്‍ അറിയാനുള്ള ഫീസ് വിവരം
അപേക്ഷാ ഫീസ് - 10 രൂപ
പകര്‍പ്പ് ഫീസ് എ4 സൈസ് പേപ്പര്‍ 1 ന് - 2 രൂപ
വലിയ പേജ് 1 ന് - യഥാര്‍ത്ഥ ചെലവ്
സാമ്പിള്‍, മോഡല്‍ - യഥാര്‍ത്ഥ ചെലവ്
വിവര പരിശോധനയ്ക്ക് ആദ്യ 1 മണിക്കൂര്‍ - ഫീസില്ല
തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും/അംശത്തിനും - 10 രൂപ
ഇലക്ട്രോണിക് ഉപാധിയില്‍ - 50 രൂപ
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് ഫീസ് ഒടുക്കേണ്ടതില്ല.