ആമുഖം

കേരളത്തിന്റെ തെക്കുഭാഗത്ത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തോട് ചേര്‍ന്നുകിടക്കുന്ന ജില്ലയാണ് കൊല്ലം. കിഴക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും, വടക്കുഭാഗത്ത് പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലും, തെക്കുഭാഗത്ത് തിരുവനന്തപുരം  ജില്ലയുമായി അതിര്‍ത്തി പങ്കിടുന്നു. തിരുവനന്തപുരം നഗരത്തില്‍ നിന്നും എഴുപതു കിലോമീറ്ററോളം വടക്കുപടിഞ്ഞാറായാണ് ജില്ലാകേന്ദ്രമായ കൊല്ലം നഗരം സ്ഥിതി ചെയ്യുന്നത്. ഓച്ചിറ, ശാസ്താംകോട്ട, വെട്ടിക്കവല, പത്തനാപുരം, അഞ്ചല്‍, കൊട്ടാരക്കര, ചിറ്റുമല, ചവറ, മുഖത്തല, ഇത്തിക്കര, ചടയമംഗലം എന്നീ ബ്ളോക്കുപഞ്ചായത്തുകള്‍ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. 70 ഗ്രാമപഞ്ചായത്തുകളും 103 വില്ലേജുകളും മേല്‍പ്പറഞ്ഞ 11 ബ്ളോക്കുകളിലായി ഈ ജില്ലാ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്. പുനലൂര്‍, പരവൂര്‍, കരുനാഗപ്പള്ളി എന്നീ മുനിസിപ്പാലിറ്റികളും, കൊല്ലം കോര്‍പ്പറേഷനുമാണ് ഈ ജില്ലയിലുള്ള മറ്റു തദ്ദേശസ്ഥാപനങ്ങള്‍. കൊല്ലം, പത്തനാപുരം, കുന്നത്തൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിങ്ങനെ അഞ്ചു താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. 2491 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കൊല്ലം ജില്ലാപഞ്ചായത്തില്‍ ആകെ 26 ഡിവിഷനുകളുണ്ട്. നിമ്നോന്നതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയെ അറബിക്കടലിനോടു ചേര്‍ന്നുകിടക്കുന്ന തീരസമതലങ്ങള്‍ ഉള്‍പ്പെടുന്ന നിമ്നോന്നത പ്രദേശം, ചെറുകുന്നുകളും, താഴ്വരകളുമുള്‍പ്പെട്ട മധ്യതടം, വനനിബിഡവും ഇടുങ്ങിയ താഴ്വരകളുള്ളതുമായ ഉന്നതതടം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശം 1759 മീറ്റര്‍ ഉയരമുള്ള കരിമലൈ കടയ്ക്കല്‍ ആണ്. വെട്ടുകല്‍ മണ്ണ്, വനപ്രദേശമണ്ണ്, എക്കല്‍ മണ്ണ്, ഓണാട്ടുകരമണ്ണ്, ചെങ്കല്‍മണ്ണ് എന്നിവയാണ് ജില്ലയിലെ പ്രധാന മണ്ണിനങ്ങള്‍. ഏറെ ചരിത്രപ്രാധാന്യവും വാണിജ്യപ്രാധാന്യവുമുള്ള ജില്ലയാണ് കൊല്ലം. പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം. അറബികളും ചൈനാക്കാരും ക്രിസ്തുവര്‍ഷാരംഭത്തിനു മുന്‍പുതന്നെ ഈ തുറമുഖനഗരവുമായി വാണിജ്യബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്ത്യയില്‍ തന്നെ ആകെയുള്ള രണ്ടേരണ്ടു തൂക്കുപാലങ്ങളിലൊന്ന് ഈ ജില്ലയിലെ പുനലൂര്‍ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കല്‍ക്കത്തയിലെ ഹൌറാ പാലമാണ് ഇന്ത്യയിലുള്ള മറ്റൊരു തൂക്കുപാലം. ബ്രിട്ടീഷ് എന്‍ജിനീയറിംഗ് വിസ്മയമായ പുനലൂര്‍ തൂക്കുപാലം കല്ലടയാറിനു കുറുകെ 1877-ലാണ്, തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാള്‍ മുന്‍കൈയ്യെടുത്ത് പണികഴിപ്പിച്ചത്. കൊല്ലം ജില്ലയിലാണ് ഏഷ്യയിലെ തന്നെ ആദ്യത്തെതായ തെന്മല ഇക്കോടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്നതും. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധനതുറമുഖമായ നീണ്ടകര ഫിഷിംഗ് ഹാര്‍ബറാണ് കൊല്ലം ജില്ലയിലെ മറ്റൊരു പ്രധാന ആകര്‍ഷണകേന്ദ്രം. കേരളത്തില്‍ കശുവണ്ടി വ്യവസായ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നതും കൊല്ലം ജില്ലയാണ്. തിരുവിതാംകൂറിലെ ആദ്യത്തെ റെയില്‍പാത കൊല്ലം-പുനലൂര്‍ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് നിലവില്‍ വന്നത്. മധുര, മദിരാശി തുടങ്ങിയ നഗരങ്ങളുമായി കൊല്ലം പട്ടണത്തെ ബന്ധിപ്പിച്ച്, ഒരു നൂറ്റാണ്ടിലധികം മീറ്റര്‍ഗേജായി പ്രവര്‍ത്തിച്ച ഈ പാതയില്‍ കൊല്ലം മുതല്‍ പുനലൂര്‍ വരെയുള്ള ഭാഗം 2010 മെയ്മാസം 12-ാം തിയതിയോടെ ബ്രോഡ്ഗേജാക്കി ഉയര്‍ത്തി. ദേശീയ പാത-47, ദേശീയ പാത-208, എം.സി റോഡ് എന്നീ സുപ്രധാന ഗതാഗതപാതകളും കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്നു.