ബഡ്ജറ്റ് അവതരണ വേളയില്‍ അവാര്‍ഡ് തിളക്കവുമായി ജില്ലാ പഞ്ചായത്ത്
ജില്ലാ പഞ്ചായത്തിന്‍റെ 2021-22 വര്‍ഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്‍റ് അഡ്വ. സുമലാല്‍ അവതരിപ്പിക്കവേ 2019-20 വര്‍ഷത്തെ സ്വരാജ് ട്രോഫി പ്രഖ്യാപനം പ്രസിഡന്‍റ് യോഗത്തെ അറിയിച്ചു. ബഡ്ജറ്റ് പ്രസംഗം അവസാനിപ്പിച്ച് ചര്‍ച്ചയ്ക്ക് മുന്നോടിയായി ടീ ബ്രേക്കിന് പിരിയാന്‍ തുടങ്ങുമ്പോഴാണ് 2019-20 വര്‍ഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം ജില്ലാ പഞ്ചായത്തിന് ലഭ്യമായ വിവരം അറിഞ്ഞത്. 2019-20 വര്‍ഷത്തില്‍ വൈവിധ്യങ്ങളായ നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയത്. ഐക്യരാഷ്ട്രസഭ 2019 തദ്ദേശഭാഷാ വര്‍ഷമായി ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ ഹിന്ദി, തമിഴ് ഭാഷകള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പഠിക്കുന്നതിന് ജില്ലാ ആസ്ഥാനത്ത് ഭാഷാപഠന കേന്ദ്രം ആരംഭിച്ചു. സാഫല്യം പദ്ധതിയില്‍പെടുത്തി ചിതറ കൊച്ചരിപ്പ ട്രൈബല്‍ കോളനിയിലെ അഞ്ച് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി രണ്ടു കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കി, ഭിന്നശേഷിയുള്ള 55 പേര്‍ക്ക് മോട്ടോറൈസ്ഡ് വീല്‍ ചെയറുകള്‍ വിതരണം ചെയ്തു, വ്യവസായ എസ്റ്റേറ്റുകള്‍ സ്ഥാപിക്കുന്നതിനായി നാലര ഏക്കര്‍ ഭൂമി വാങ്ങി നിര്‍മ്മാണം ആരംഭിച്ചു, സുജലം പദ്ധതിയിലുള്‍പ്പെടുത്തി ഒന്‍പത് പൊതു കുളങ്ങള്‍ നവീകരിച്ചു, 55 ഗ്രന്ഥശാലകള്‍ക്ക് ലാപ്ടോപ്പ്, പ്രൊജക്ടര്‍, സ്ക്രീന്‍ വിതരണം ചെയ്തു, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 344 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് 70 ലക്ഷം രൂപ ചെലവഴിച്ചു. കാര്‍ഷിക മേഖലയുടെ വികസനത്തിന് പൊലിയോപൊലി പദ്ധതിയിലുള്‍പ്പെടുത്തി ഏലാത്തോട്, റാമ്പ് മുതലായവ നിര്‍മ്മിക്കുകയും പാടശേഖര സമിതികള്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തു. എ.പി.എല്‍/ബി.പി.എല്‍ ഭേദമന്യേ വ്യക്കരോഗ ബാധിതര്‍ക്ക് സൗജന്യ ഡയാലിസിസ് നല്‍കുന്ന ജീവനം പദ്ധതിയും 2019-20 കാലയളവില്‍ നടപ്പാക്കിയതാണ്. കൂടാതെ ഓപ്പണ്‍ ജിംനേഷ്യ നിര്‍മ്മാണവും ടേക്ക് എബ്രേക്ക് മാത്യകയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച തണ്ണീര്‍പന്തല്‍ പദ്ധതിയും 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ളതാണ്. പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സഹായിച്ച സെക്രട്ടറി കെ. പ്രസാദ്, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ജില്ലാ പഞ്ചായത്തിലെ ജീവനക്കാര്‍ മുതലായവരെ പ്രസിഡന്‍റ് അഭിനന്ദിച്ചു.