പഴവർഗ്ഗ സംസ്കരണ പ്ലാന്റ് സ്ഥാപിതമായി
അഞ്ചൽ ജില്ലാ കൃഷിത്തോട്ടത്തിൽ പഴവർഗ്ഗ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചു. 33 ലക്ഷം രൂപ ചെലവിൽ ജില്ലാ പഞ്ചായത്ത് ആണ് പദ്ധതി യാഥാർഥ്യമാക്കിയത്.ഫാമിലെ ഫല വർഗ്ഗ വിളകളായ പാഷൻഫ്രൂട്ട്, കശുമാങ്ങ, ചക്ക ,പേരയ്ക്ക, പപ്പായ പൈനാപ്പിൾ, മാങ്ങ മുതലായവയിൽ നിന്നും സ്ക്വാഷ് സിറപ്പ് ജ്യൂസ് ജാം ജെല്ലി തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുകയാണ് ജില്ലാ പഞ്ചായത്ത് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ വീഡിയോ കോൺഫറൻസിങ്ങിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് സാം. കെ ഡാനിയേൽ അധ്യക്ഷത വഹിച്ചു. ഗുണമേന്മയുള്ളതും പ്രകൃതിദത്തവും ആയ മൂല്യവർധിത ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യം മുൻനിർത്തിയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത് എന്ന് പ്രസിഡന്റ് പറഞ്ഞു. മുല്ലക്കര രത്നാകരൻ എംഎൽഎ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് സുമ ലാൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ മുതലായവർ പങ്കെടുത്തു.