ജില്ലാ പഞ്ചായത്ത് സ്കൂളുകളിലെ പാചക തൊഴിലാളികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു. വനിതാ തൊഴിലാളികള്‍ക്ക് ചുരിദാറും പുരുഷന്‍മാര്‍ക്ക് പാന്‍റ്സും ഷര്‍ട്ടുമാണ് നല്‍കിയത്. ആകാശ നീലയാണ് യൂണിഫോമിന്‍റെ നിറം. 69 സ്കൂളുകളില്‍ നിന്ന് 83 തൊഴിലാളികള്‍ യൂണിഫോം ഏറ്റുവാങ്ങി. 3 ലക്ഷം രൂപ യാണ് പദ്ധതി ചെലവ്. യൂണിഫോം, തൊപ്പി, ഏപ്രണ്‍, ഗ്ലൗസ് എന്നിവയടങ്ങിയ രണ്ട് ജോഡി കിറ്റുകളാണ് നല്‍കിയത്. തയ്യല്‍ കൂലി ഉള്‍പ്പെടെ 3600 രൂപയാണ് ഒരു കിറ്റിന്‍റെ വില. ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് എം. ശിവശങ്കര പിള്ള ഒറ്റക്കല്‍ സ്കൂളിലെ യോഗമണിയ്ക്ക് യൂണിഫോം നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് ഭക്ഷണം പാചകം ചെയ്ത് നല്‍കുന്നത് മഹത്തായ കര്‍മ്മമാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റാറാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ആഷാ ശശിധരന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ സി. രാധാമണി, സരോജിനിബാബു, സെക്രട്ടറി കെ. പ്രസാദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു.