ആര്‍ദ്രകേരളം പുരസ്കാരം കൊല്ലം ജില്ലാ പഞ്ചായത്തിന്

Posted on Saturday, August 20, 2022

ആരോഗ്യരംഗത്തെ ജനകീയ ഇടപെടലുകള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്കാരം കൊല്ലം ജില്ലാ പഞ്ചായത്തിന്. 2017-2018 വര്‍ഷം കൊല്ലം ജില്ലാ ആശുപത്രി,വിക്ടോറിയ ആശുപത്രി,ജില്ല ഹോമിയോ ആശുപത്രി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കിയ നൂതനവും സവിശേഷവുമായ പദ്ധതികള്‍ ആണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.ജില്ലാ ആശുപത്രിയില്‍ മാമ്മോ ഗ്രാഫി സംവിധാനം,ക്യാന്‍സര്‍രോഗികള്‍ക്കായി കീമോതെറാപ്പി യൂണീറ്റ്,പാലിയേറ്റീവ് പരിശീലന കേന്ദ്രം,റെറ്റിനോപ്പതി കേന്ദ്രം എന്നിവ പുതുതായി തുടങ്ങി. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആശുപത്രിയായ വിക്ടോറിയയില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും അണുവിമുക്തടൌവല്‍ അടക്കമുള്ള ബേബി കിറ്റ്‌ സൗജന്യമായി നല്‍കുന്ന സ്നേഹ സമ്മാനം പദ്ധതി,അമ്മമാര്‍ക്കു വേണ്ടിയുള്ള മാനസികാരോഗ്യ ചികിത്സാ പദ്ധതിയായ മാതൃസാന്ത്വനം,ഹോമിയോ ആശുപത്രിയില്‍ കരള്‍ രോഗ ചികിത്സക്കായി തുടങ്ങിയ നവജീവനം ,അലര്‍ജി രോഗ ചികിത്സക്കായി സ്വാസ്ഥ്യംപദ്ധതി തുടങ്ങിയവ പുതിയ പദ്ധതികളില്‍ ചിലതാണ്.സംസ്ഥാനത്തിന് മാതൃകയായി കുട്ടി ഡോക്ടര്‍ പദ്ധതി 16സ്കൂളുകളില്‍ ആരംഭിച്ചു.പട്ടികവര്‍ഗ്ഗ മേഖലകളില്‍ നവജാത ശിശുമരണം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാത്ത ജില്ലയാണ് കൊല്ലം.ജില്ലയിലെ ആര്യങ്കാവ്,കുളത്തൂപുഴ,ചിതറ,പത്തനാപുരം പഞ്ചായത്തുകളിലെ ആദിവാസി മേഖലകളില്‍ ജില്ലാപഞ്ചായത്ത് നടപ്പാക്കിവരുന്ന പോഷകാഹാര വിതരണം ഇതിനു പ്രധാന കാരണമാണ്.എച്ച്.ഐ.വി.ബാധിതരായ അഞ്ഞൂറിലധികം പേര്‍ക്ക് സൗജന്യമായിപോഷകാഹാരം നല്‍കി വരുന്നു.കരീപ്രയിലെശരണാലയത്തിലൂടെ അറുപതിലധികം വൃദ്ധമാതാപിതാക്കള്‍ക്ക് താങ്ങും തണലുമൊരുക്കുന്നു.എല്ലാറ്റിനുമുപരി വൃക്ക രോഗബാധിതര്‍ക്ക് ആശ്വാസമായി ജീവനം പദ്ധതി.ഒരു രൂപ പോലും ഈടാക്കാതെ തികച്ചും സൗജന്യമായി ഡയാലിസിസ്.ഇത്തരം ചെറുതും വലുതുമായ നിരവധി ഇടപെടലുകളാണ് കൊല്ലം ജില്ലാ പഞ്ചായത്തിനെ പുരസ്കാരത്തിന് അര്‍ഹാമാക്കിയത്.ജൂണ്‍ 6 ന് വൈകിട്ട് തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പുരസ്കാരം സമ്മാനിക്കും.