വികസനത്തിനോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തന മികവിന് സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാരം കൂടി. ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളേയും ബ്ലോക്കുകളേയും സംയോജിപ്പിച്ച് പരിസ്ഥിതി സംരക്ഷണത്തിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ വിവിധ പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് വനമിത്ര പുരസ്‌കാരം.സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി, കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ രാജീവ് ഗാന്ധി ശശാക്തീകരണ്‍ ദേശീയ പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങള്‍ക്ക് പുറമെയാണ് വനമിത്ര പുരസ്‌കാരം കൂടി ജില്ലാ പഞ്ചായത്തിന് ലഭിച്ചത്. അഷ്ടമുടിക്കായലില്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ നടപ്പാക്കിയ കണ്ടല്‍ വനവല്‍ക്കരണ പരിപാടി അഞ്ചല്‍ ഫാമില്‍ നടപ്പാക്കിയ കദളീവനം പദ്ധതി, ജില്ലയിലെ വിവിധ കാവുകളും കുളങ്ങളും സംരക്ഷിക്കുന്നതിനുള്ള പദ്ധതി, ശാസ്താംകോട്ട കായല്‍തീരത്ത് നടത്തിയ വനവല്‍ക്കരണ പരിപാടി, വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ദേശീയ പാതയുടെ ഇരുവശങ്ങളിലും മരം വച്ചുപിടിപ്പിക്കല്‍ പദ്ധതി എന്നിവയാണ് ജില്ലാ പഞ്ചായത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. കൊല്ലം ജില്ലാ പഞ്ചായത്ത് അഷ്ടമുടി കായലിലെ മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ശക്തികുളങ്ങര മേഖലയിലെ പുത്തന്‍തുരുത്തിനു സമീപത്തെ 10 ഏക്കര്‍ എക്കല്‍ പ്രദേശത്ത് കണ്ടല്‍ വനവല്‍ക്കരണ പദ്ധതി നടപ്പാക്കിയത്. മൂന്ന് ദശാബ്ദങ്ങള്‍ക്കുമുമ്പ് എറണാകുളത്തെ മുളവുകാട് പ്രദേശത്തുനിന്നും എത്തിച്ച പ്രാന്തന്‍ കണ്ടല്‍ (റൈസോഫോറ സ്പീഷിസ്) ഇനമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിനോടൊപ്പമാണ് പുതിയ കണ്ടല്‍ തൈകള്‍ വച്ചു പിടിപ്പിച്ചത്. അഷ്ടമുടിക്കായലിനെ സംരക്ഷിക്കുന്നതിനും മണ്ണിടിഞ്ഞു വീണ് കായല്‍ നികരുന്നത് തടയുന്നതിനുമായി കായല്‍ തീരത്ത് 12 ഏക്കര്‍ പ്രദേശത്ത് 10000 കണ്ടല്‍ തൈകള്‍ ഒമ്പത് ലക്ഷം രൂപ ചെലവില്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതിയും പൂര്‍ത്തിയായി വരുന്നു. കാവുകളുടെ സ്ഥിതിവിവര കണക്കുകള്‍ വിവരശേഖരണം നടത്തി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ അതിന് ചുറ്റുവേലി കെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള അഞ്ചല്‍ കോട്ടുക്കല്‍ ജില്ലാ കൃഷിഫാമില്‍ കദളീവനം എന്ന പേരില്‍ ഒരു നൂതന പദ്ധതി നടപ്പാക്കി. ഫാമില്‍ ആകെ 135 ഹെക്ടര്‍ സ്ഥലമാണുള്ളത്. ഈ വര്‍ഷം രണ്ടുലക്ഷം തെങ്ങിന്‍ തൈകള്‍ വച്ചു പിടിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നു വരുന്നു. കോട്ടുക്കല്‍ കൃഷിഫാമില്‍ 10 ഏക്കര്‍ സ്ഥലത്ത് വിവിധയിനം പഴവര്‍ഗ്ഗങ്ങളുടെ 1000 തൈകള്‍ നട്ടു. മാവും പ്ലാവും മുതല്‍ ദുരിയാന്‍ വരെയുള്ള 12 ഇനം പഴവര്‍ഗ്ഗ ചെടികളാണ് നട്ടുപിടിപ്പിച്ചത്. സംസ്ഥാന തലത്തില്‍ തദ്ദേശ ഭരണ വിഭാഗത്തില്‍ നിന്നും കൊല്ലം ജില്ലാ പഞ്ചായത്തിനെ മാത്രമാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തിട്ടുള്ളത്.