കുട്ടി ഡോക്ടര്‍മാരും പദ്ധതിക്ക് തുടക്കമായി

Posted on Friday, August 19, 2022

കുട്ടികളെയും സമൂഹത്തെയും ആരോഗ്യകരമായ ജീവിതത്തിന് സജ്ജമാക്കുന്ന കൊല്ലം ജില്ലാ പഞ്ചായത്തിന്‍റെ  'കുട്ടിഡോക്ടര്‍' പദ്ധതിയ്ക്ക് തുടക്കമായി. ജില്ല മെഡിക്കല്‍ ഓഫീസ്,ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ് എന്നിവയുടെ സഹായത്തോടെയാണ് ഈ പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്. പദ്ധതിയുടെ ഉല്‍ഘാടനം 14.03.2018 ന് ശൂരനാട് ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.ശിവശങ്കരപിളള  നിര്‍വ്വഹിച്ചു.

ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 16 സ്കൂളുകളിലാണ് കുട്ടി 'ഡോക്ടര്‍മാര്‍ക്ക്" പരിശീലനം നല്‍കിയത്. എട്ടാം തരത്തിലെ 20 കുട്ടികള്‍ക്ക് വീതം പരിശീലനം നല്‍കിന്നത്. പത്ത് ആണ്‍കുട്ടികളും പത്ത് പെണ്‍കുട്ടികളും എന്ന ക്രമത്തിലാണ് ഗ്രൂപ്പ് രൂപികരിച്ചത്. ഇവരോടൊപ്പം രണ്ട് നോഡല്‍ അധ്യാപകരെയും നിയമിച്ചു. പരിശീലന പരിപാടിയില്‍  പ്രാഥമികാരോഗ്യ പരിശോധന, കൃത്രിമ ശ്വാസോച്ഛാസം ഉള്‍പ്പെടെയുളള  പ്രഥമശുശ്രൂഷ എന്നീ കാര്യങ്ങളില്‍ പരിശീലനം നല്‍കി പരിശീലനം ലഭിച്ച കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് സ്കൂളുകളിലെ മറ്റ് കുട്ടികള്‍ക്ക് ആരോഗ്യ ബോധവല്‍ക്കരണം നല്‍കുന്നത്. ഒന്‍പതാം തരം അവസാനിക്കുന്നത് വരെ  ഈ കൂട്ടികളുടെ സേവനം സ്കൂളുകള്‍ക്ക് ലഭിക്കും.

അരമണിക്കൂര്‍ വ്യായാമം ഉറപ്പ് വരുത്തുന്നതിനുളള പ്രവര്‍ത്തനങ്ങള്‍, കൗമാര ആരോഗ്യവബോധവും, കൗമാര  ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കല്‍ എന്നിവയും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. കൂടാതെ മാനസിക, ശാരീരികാരോഗ്യ പ്രശ്നങ്ങള്‍, പെരുമാറ്റ വൈകല്യങ്ങള്‍, ദുശ്ശീലങ്ങള്‍ എന്നിവ കണ്ടെത്തി പരിഹരിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. യോഗ പരിശീലനവും കുട്ടി ഡോക്ടര്‍ പദ്ധതിയുടെ ഭാഗമായി  സ്കൂളുകളില്‍  നടപ്പിലാക്കും 

ഉല്‍ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ:ജൂലിയറ്റ് നെല്‍സണ്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്  അംഗം ഡോ.രാജശേഖരന്‍, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ. സുമ, ജില്ലാപഞ്ചായത്ത് സെക്രട്ടറി ശ്രീ. കെ. പ്രസാദ്, ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെ.മണികണ്ഠന്‍ എന്നിവര്‍  സംസാരിച്ചു.